Wednesday, 3 April 2013

വിനോദയാത്രക്ക് ശേഷം

[വേനലവധി ആയില്ലെ? ഞങ്ങള് വീട്ടിനടുത്തുള്ള കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ഒരു കളിക്കൂട്ടം ഉണ്ടാക്കി. അതില്‍ നടത്തിയ കഥാരചനാ മത്സരത്തില്‍ 'യാത്ര' എന്ന് വിഷയം തന്നു. ആ മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.. ആ കഥ ഇവിടെ ഇടുന്നു..]

     മാളു.മാളുവാണ് എല്ലാവര്‍ക്കും എല്ലാം. അത് വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും. അവളുടെ സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് നാളെ പോകുന്നുണ്ട്. ഊട്ടിയിലേക്കാണ് യാത്ര. മാളുവും പോകുന്നുണ്ട്.
     സൗദാമിനിയമ്മ മാളുവിനെ വിളിച്ചു."മോളേ..വേഗം കിടക്ക്. നാളെയല്ലെ സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നത്?"
 " അതെ അമ്മേ..നാളേ ഞാന്‍  6 മണിക്ക് എഴുന്നേല്‍ക്കാം. എല്ലാം കഴിഞ്ഞു സ്കൂളില്‍ എത്തുമ്പോള്‍ ഏഴരയെങ്കിലും ആകുമമ്മേ..."
"എന്നാല്‍ മോളൂട്ടി പോയി കിടക്ക്"
     മാളു നാളത്തെ കാര്യങ്ങളെല്ലാം ഓര്‍ത്ത് ഉറങ്ങി.
  
         പിറ്റേന്ന് രാവിലെ അമ്മ മാളുവിനെ ആറുമണിക്ക് വിളിച്ചു. മാളു വേഗം എല്ലാം എടുത്തു വെച്ച് ഒരുങ്ങി അച്ഛന്റെ കൂടെ സ്കൂളില്‍ എത്തി. മാളുവിന്റെ ടീച്ചര്‍ അവളോട് ബസ്സില്‍ ഇരിക്കാന്‍ പറഞ്ഞു. മാളുവായിരുന്നു ബസ്സില്‍ ആദ്യം കയറിയത്. എന്നാലും അവള്‍ നടുവിലത്തെ സീറ്റില്‍ ഇരുന്നു.അവളുടെ ബാഗ് അടുത്ത സീറ്റില്‍ വെച്ച് സീറ്റ് പിടിച്ചു. അവളുടെ കൂട്ടുകാരി മീരക്കായിരുന്നു അത്. കുറച്ചു നേരത്തിനകം  കുട്ടികള്‍ എത്തിതുടങ്ങി. കുറേ നേരമായി മീര എത്തിയിട്ടില്ല.ബസ്സിപ്പോള്‍ പുറപ്പെടും. അവള്‍ക്ക് പേടിയായി. ഭാഗ്യം മീര എത്തി. മാളു ബാഗെടുത്തു. എന്നിട്ട് അവളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. മീരയോട് മാളു ചോദിച്ചു " നീ എന്താണ് ഇത്ര വൈകിയത്?"
"ഞാന്‍ ഇന്ന് ഉണര്‍ന്നപ്പോഴേക്കും എന്റെ അനിയത്തി മീന വീണ് തല പൊട്ടി ചോരവന്നു. ആശൂത്രീല്‍ പോയിട്ടാണ് വന്നത്"
"എന്നിട്ട് ഡോക്ടര്‍ എന്ത് പറഞ്ഞു?"
"ഒന്നുമില്ല പേടിക്കാതെ എന്ന് പറഞ്ഞ്‌ ഞങ്ങളെ സമാധാനിപ്പിച്ചു. എന്നിട്ട് അവളേയും കൂട്ടി സ്കൂളില്‍ വന്ന് എന്നേയും ഇറക്കിവിട്ട് അമ്മയും അച്ചനും മീനയും കൂടി വീട്ടിലേക്കു പോയി."
     അവരുടെ സംസാരം അവസാനിച്ചപ്പോള്‍ ഒരു വലിയ മലയുടെ താഴെ എത്തിയിരുന്നു. അവര്‍ ടീച്ചര്‍മാരോട് ചോദിച്ചു "ഈ  സ്ഥലത്തിന്റെ പേരെന്താ?"
"എനിക്കറിയില്ല കുട്ടീ...."
     അങ്ങിനെ ഉച്ചക്ക് അവര്‍ ഊട്ടി എത്തിച്ചേര്ന്നു. എല്ലാവരും ബസ്സില്‍ നിന്നിറങ്ങി. എന്തൊരു തണുപ്പ്! എല്ലാവരും തണുത്ത് വിറച്ചു. ഊണുകഴിഞ്ഞ്‌ അവരെ ഒരു താഴ്വാരത്തില്‍ കൊണ്ടുപോയി. വൈകുന്നേരം ഒരു പാര്‍ക്കില്‍ കൊണ്ടുപോയി. അതിനു ശേഷം ടീച്ചര്‍മ്മാര്‍ അവരോട് ബസ്സില്‍ കയറാന്‍ പറഞ്ഞു. രാത്രിയായില്ലെ...എല്ലാവരും ഉറങ്ങി. മാളു എഴുന്നേറ്റപ്പോള്‍ സ്കൂളില്‍ എത്താറായി. അവള്‍ മീരയെ കൂടി വിളിച്ചു. രണ്ടുപേരും അവരുടെ  എല്ലാസാധനങ്ങളും ബാഗില്‍ വെച്ചു. ബാഗ് തോളില്‍ തൂക്കി.
     സ്കൂളിലെത്തി. എല്ലാകുട്ടികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. പക്ഷെ,മീരയുടെ രക്ഷിതാക്കള്‍ മാത്രം എത്തിയില്ല. ടീച്ചര് മീരയെ വിളിച്ചുകൊണ്ടുപോയി.
    പിറ്റേന്ന്, അച്ഛന്‍ മാളുവിനെ മീരയുടെ വീട്ടിലേക്ക് കൊണ്ടുപോയി. മീരയുടെ അനുജത്തി മീന ഒരു പായയില്‍ അനക്കമില്ലാതെ കിടക്കുന്നു. മാളുവിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വീണു. അവള്‍ മീരയെ അന്വേഷിച്ചു. മീര കരഞ്ഞ്‌ തളര്‍ന്ന് കിടക്കുന്നു. അവള്‍ മീരയെ സമാധാനിപ്പിച്ചു.
     അന്ന് വൈകുന്നേരം മാളു ദൈവത്തോട് മീരക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. രണ്ട് ദിവസങ്ങള്‍, ആദ്യത്തെ ദിവസം പോലെ ആയിരുന്നില്ല രണ്ടാമത്തെ ദിവസം...മാളു ആലോചിച്ചു.

Saturday, 16 June 2012

എന്റെ കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും..

 പരീക്ഷാക്കാലമായപ്പോള്‍ അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാല്‍ മതി എന്ന് കരുതി. അത് കഴിഞ്ഞ് അവധിക്കാലമായപ്പോള്‍ കളിത്തിരക്കും വിരുന്ന് പോക്കും കൊണ്ട് ഒഴിവേ കിട്ടിയില്ല. ഇപ്പൊ അതും കഴിഞ്ഞ് സ്കുള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ മനസ്സില്‍ കുറച്ച് സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടായി. അതൊക്കെ ഇവിടെ പങ്കുവെക്കാനായി ഓടി വന്നതാ...
 സ്കൂള്‍ തുറക്കാനായപ്പോള്‍ പുതിയ യൂണീഫോം, പുതീയ ബുക്ക്, പുതിയ പെന്‍സില്‍ ബോക്സ്, പുതിയ ടിഫിന്‍ ബോക്സ് ഒക്കെ വാങ്ങി തന്നപ്പോള്‍ ഒരുപാടൊരുപാട് സന്തോഷമായി. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ ബാഗ് കേടു വരാത്തത് കൊണ്ട് എനിക്ക് പുതിയ ബാഗും പുതിയ കുടയും കിട്ടിയില്ല. സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ ആരുടേയും പുതിയ യൂണിഫോമിലേക്ക് നോക്കിയില്ല; അവരുടെ പുതിയ കുടയിലേക്കും പുതിയ ബാഗിലേക്കും മാത്രം എന്റെ ശ്രദ്ധ പതിച്ചു.എന്റെ കൂട്ടുകാരി മാളവികക്ക് പഴയ ബാഗ് തന്നെ ആണെന്ന് കണ്ടപ്പോള്‍ എന്റെ സങ്കടമെല്ലാം മാറി.
പിന്നെ,അടുത്ത സങ്കടമെന്താണെന്നൊ! എന്റെ ടീച്ചറ് വന്ന് പേര്‍ വിളിച്ചു വേറെ ക്ലാസ്സിലേക്ക് ഞങ്ങളെ കൊണ്ടു പോയി. എന്റെ ഇഷ്ടകൂട്ടുകാരായ ലിനയും മാളവികയും വേറെ ക്ലാസ്സിലാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. അപ്പോള്‍ കൃഷ്ണേന്തു എന്നെ ആശ്വസിപ്പിച്ചു..'അവരില്ലെങ്കിലെന്താ നിനക്ക് ഞാനില്ലെ?'...അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു;കരച്ചില്‍ മാറി....

Thursday, 16 February 2012

എന്റെ കൂട്ടുകാര്‍

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു.ആദ്യമെ എന്റെ കൂട്ടുകാരെ പരിചയപ്പെടുത്താം. ലിനയാണ്‌ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. അവള്‍ ഞാന്‍ ക്ലാസ്സില്‍ പോയില്ലെങ്കില്‍ എനിക്ക് നോട്ടുകള്‍ എഴുതി തന്ന് സഹായിക്കും, സ്കൂളില്‍ ഞാന്‍ ഇല്ലാത്ത ദിവസത്തെ വിശേഷങ്ങള്‍ ഫോണ്‍ ചെയ്ത് പറഞ്ഞു തരും.
      പിന്നെ അടുത്ത കൂട്ടുകാരി മാളവികയാണ്‌. അവളെ ഇടക്ക് എനിക്ക് ഇഷ്ടമാവില്ല. ടൂര്‍ പോവാന്‍ എന്നെ വീട്ടില്‍ നിന്നും വിട്ടില്ല. അപ്പോള്‍ ലിന അതിന്റെ കാര്യം സംസാരിക്കാറില്ല. എനിക്ക് സങ്കടമായാലോ എന്ന് വിചാരിച്ചിട്ട്. പക്ഷെ, മാളവിക എപ്പോഴും അവര്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും..
     ഒരാളെ കൂടി പരിചയപ്പെടുത്താം..കൃഷ്ണേന്തു. അവള്‍ എന്നെ എപ്പഴും ഉപദ്രവിക്കും. ഒന്നും പഠിക്കുകയേ ഇല്ല.. ടീച്ചര്‍മാരോട് പൊട്ട ചോദ്യങ്ങള്‍ ചോദിക്കും..എന്റെ അമ്മക്കും അച്ഛനും അവളെ ഇഷ്ടമാണ്‌.കാരണം ഒരു പഴയ കാര്യമാണ്‌. ഒന്നില്‍ പഠിക്കുമ്പോഴാണ്‌ സംഭവം...എനിക്ക് ചോറ് വീട്ടില്‍ വാരി തരുകയാണ് പതിവ്. സ്കൂളില്‍ അത് പറഞ്ഞപ്പോള്‍ കൃഷ്ണെന്തു എനിക്ക് ഉച്ചക്ക് ചോറ് വാരി വായില്‍ കുത്തി നിറച്ച് വെച്ച് തരും. ഞാന്‍ ഇറക്കും മുന്‍പേ അടുത്തതും തരും...എന്നെ കൊണ്ട് മുഴുവനുംതീറ്റിക്കും..അവള്‍ ചോറ് ഉണ്ണുകയും ഇല്ല..അതു കൊണ്ട് എനിക്ക് അവളേ ദേഷ്യവും എന്റെ അമ്മക്ക് അവളെ ഇഷ്ടവുമായി...
   ഇനി കുറെ വിശേഷങ്ങളുണ്ട്. അതൊക്കെ പിന്നെ പറയാട്ടൊ..