Saturday 16 June 2012

എന്റെ കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും..

 പരീക്ഷാക്കാലമായപ്പോള്‍ അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാല്‍ മതി എന്ന് കരുതി. അത് കഴിഞ്ഞ് അവധിക്കാലമായപ്പോള്‍ കളിത്തിരക്കും വിരുന്ന് പോക്കും കൊണ്ട് ഒഴിവേ കിട്ടിയില്ല. ഇപ്പൊ അതും കഴിഞ്ഞ് സ്കുള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ മനസ്സില്‍ കുറച്ച് സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടായി. അതൊക്കെ ഇവിടെ പങ്കുവെക്കാനായി ഓടി വന്നതാ...
 സ്കൂള്‍ തുറക്കാനായപ്പോള്‍ പുതിയ യൂണീഫോം, പുതീയ ബുക്ക്, പുതിയ പെന്‍സില്‍ ബോക്സ്, പുതിയ ടിഫിന്‍ ബോക്സ് ഒക്കെ വാങ്ങി തന്നപ്പോള്‍ ഒരുപാടൊരുപാട് സന്തോഷമായി. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ ബാഗ് കേടു വരാത്തത് കൊണ്ട് എനിക്ക് പുതിയ ബാഗും പുതിയ കുടയും കിട്ടിയില്ല. സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ ആരുടേയും പുതിയ യൂണിഫോമിലേക്ക് നോക്കിയില്ല; അവരുടെ പുതിയ കുടയിലേക്കും പുതിയ ബാഗിലേക്കും മാത്രം എന്റെ ശ്രദ്ധ പതിച്ചു.എന്റെ കൂട്ടുകാരി മാളവികക്ക് പഴയ ബാഗ് തന്നെ ആണെന്ന് കണ്ടപ്പോള്‍ എന്റെ സങ്കടമെല്ലാം മാറി.
പിന്നെ,അടുത്ത സങ്കടമെന്താണെന്നൊ! എന്റെ ടീച്ചറ് വന്ന് പേര്‍ വിളിച്ചു വേറെ ക്ലാസ്സിലേക്ക് ഞങ്ങളെ കൊണ്ടു പോയി. എന്റെ ഇഷ്ടകൂട്ടുകാരായ ലിനയും മാളവികയും വേറെ ക്ലാസ്സിലാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. അപ്പോള്‍ കൃഷ്ണേന്തു എന്നെ ആശ്വസിപ്പിച്ചു..'അവരില്ലെങ്കിലെന്താ നിനക്ക് ഞാനില്ലെ?'...അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു;കരച്ചില്‍ മാറി....