Wednesday, 3 April 2013

വിനോദയാത്രക്ക് ശേഷം

[വേനലവധി ആയില്ലെ? ഞങ്ങള് വീട്ടിനടുത്തുള്ള കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ഒരു കളിക്കൂട്ടം ഉണ്ടാക്കി. അതില്‍ നടത്തിയ കഥാരചനാ മത്സരത്തില്‍ 'യാത്ര' എന്ന് വിഷയം തന്നു. ആ മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.. ആ കഥ ഇവിടെ ഇടുന്നു..]

     മാളു.മാളുവാണ് എല്ലാവര്‍ക്കും എല്ലാം. അത് വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും. അവളുടെ സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് നാളെ പോകുന്നുണ്ട്. ഊട്ടിയിലേക്കാണ് യാത്ര. മാളുവും പോകുന്നുണ്ട്.
     സൗദാമിനിയമ്മ മാളുവിനെ വിളിച്ചു."മോളേ..വേഗം കിടക്ക്. നാളെയല്ലെ സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നത്?"
 " അതെ അമ്മേ..നാളേ ഞാന്‍  6 മണിക്ക് എഴുന്നേല്‍ക്കാം. എല്ലാം കഴിഞ്ഞു സ്കൂളില്‍ എത്തുമ്പോള്‍ ഏഴരയെങ്കിലും ആകുമമ്മേ..."
"എന്നാല്‍ മോളൂട്ടി പോയി കിടക്ക്"
     മാളു നാളത്തെ കാര്യങ്ങളെല്ലാം ഓര്‍ത്ത് ഉറങ്ങി.
  
         പിറ്റേന്ന് രാവിലെ അമ്മ മാളുവിനെ ആറുമണിക്ക് വിളിച്ചു. മാളു വേഗം എല്ലാം എടുത്തു വെച്ച് ഒരുങ്ങി അച്ഛന്റെ കൂടെ സ്കൂളില്‍ എത്തി. മാളുവിന്റെ ടീച്ചര്‍ അവളോട് ബസ്സില്‍ ഇരിക്കാന്‍ പറഞ്ഞു. മാളുവായിരുന്നു ബസ്സില്‍ ആദ്യം കയറിയത്. എന്നാലും അവള്‍ നടുവിലത്തെ സീറ്റില്‍ ഇരുന്നു.അവളുടെ ബാഗ് അടുത്ത സീറ്റില്‍ വെച്ച് സീറ്റ് പിടിച്ചു. അവളുടെ കൂട്ടുകാരി മീരക്കായിരുന്നു അത്. കുറച്ചു നേരത്തിനകം  കുട്ടികള്‍ എത്തിതുടങ്ങി. കുറേ നേരമായി മീര എത്തിയിട്ടില്ല.ബസ്സിപ്പോള്‍ പുറപ്പെടും. അവള്‍ക്ക് പേടിയായി. ഭാഗ്യം മീര എത്തി. മാളു ബാഗെടുത്തു. എന്നിട്ട് അവളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. മീരയോട് മാളു ചോദിച്ചു " നീ എന്താണ് ഇത്ര വൈകിയത്?"
"ഞാന്‍ ഇന്ന് ഉണര്‍ന്നപ്പോഴേക്കും എന്റെ അനിയത്തി മീന വീണ് തല പൊട്ടി ചോരവന്നു. ആശൂത്രീല്‍ പോയിട്ടാണ് വന്നത്"
"എന്നിട്ട് ഡോക്ടര്‍ എന്ത് പറഞ്ഞു?"
"ഒന്നുമില്ല പേടിക്കാതെ എന്ന് പറഞ്ഞ്‌ ഞങ്ങളെ സമാധാനിപ്പിച്ചു. എന്നിട്ട് അവളേയും കൂട്ടി സ്കൂളില്‍ വന്ന് എന്നേയും ഇറക്കിവിട്ട് അമ്മയും അച്ചനും മീനയും കൂടി വീട്ടിലേക്കു പോയി."
     അവരുടെ സംസാരം അവസാനിച്ചപ്പോള്‍ ഒരു വലിയ മലയുടെ താഴെ എത്തിയിരുന്നു. അവര്‍ ടീച്ചര്‍മാരോട് ചോദിച്ചു "ഈ  സ്ഥലത്തിന്റെ പേരെന്താ?"
"എനിക്കറിയില്ല കുട്ടീ...."
     അങ്ങിനെ ഉച്ചക്ക് അവര്‍ ഊട്ടി എത്തിച്ചേര്ന്നു. എല്ലാവരും ബസ്സില്‍ നിന്നിറങ്ങി. എന്തൊരു തണുപ്പ്! എല്ലാവരും തണുത്ത് വിറച്ചു. ഊണുകഴിഞ്ഞ്‌ അവരെ ഒരു താഴ്വാരത്തില്‍ കൊണ്ടുപോയി. വൈകുന്നേരം ഒരു പാര്‍ക്കില്‍ കൊണ്ടുപോയി. അതിനു ശേഷം ടീച്ചര്‍മ്മാര്‍ അവരോട് ബസ്സില്‍ കയറാന്‍ പറഞ്ഞു. രാത്രിയായില്ലെ...എല്ലാവരും ഉറങ്ങി. മാളു എഴുന്നേറ്റപ്പോള്‍ സ്കൂളില്‍ എത്താറായി. അവള്‍ മീരയെ കൂടി വിളിച്ചു. രണ്ടുപേരും അവരുടെ  എല്ലാസാധനങ്ങളും ബാഗില്‍ വെച്ചു. ബാഗ് തോളില്‍ തൂക്കി.
     സ്കൂളിലെത്തി. എല്ലാകുട്ടികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. പക്ഷെ,മീരയുടെ രക്ഷിതാക്കള്‍ മാത്രം എത്തിയില്ല. ടീച്ചര് മീരയെ വിളിച്ചുകൊണ്ടുപോയി.
    പിറ്റേന്ന്, അച്ഛന്‍ മാളുവിനെ മീരയുടെ വീട്ടിലേക്ക് കൊണ്ടുപോയി. മീരയുടെ അനുജത്തി മീന ഒരു പായയില്‍ അനക്കമില്ലാതെ കിടക്കുന്നു. മാളുവിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വീണു. അവള്‍ മീരയെ അന്വേഷിച്ചു. മീര കരഞ്ഞ്‌ തളര്‍ന്ന് കിടക്കുന്നു. അവള്‍ മീരയെ സമാധാനിപ്പിച്ചു.
     അന്ന് വൈകുന്നേരം മാളു ദൈവത്തോട് മീരക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. രണ്ട് ദിവസങ്ങള്‍, ആദ്യത്തെ ദിവസം പോലെ ആയിരുന്നില്ല രണ്ടാമത്തെ ദിവസം...മാളു ആലോചിച്ചു.